വാഹനം റീചാർജ് ചെയ്യാനും റോബോട്ട്; പുതിയ സംവിധാനവുമായി അഡ്‌നോക്

ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും റീചാർജ് ചെയ്യാൻ റോബോട്ടിനെ അവതരിപ്പിച്ച് അബൂദബിയിലെ ദേശീയ പെട്രോളിയം കമ്പനിയായ അഡ്‌നോക്. ദുബൈയിൽ ആരംഭിച്ച ജൈടെക്‌സ് പ്രദർശനത്തിലാണ് കമ്പനി ആദ്യമായി ഈ റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം.

ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും പെട്രോൾ സ്റ്റേഷനിലെ ബേയിൽ നിർത്തിയാൽ മതി. വാഹനത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കാര്യങ്ങൾ റോബോട്ട് നിർവഹിക്കും. ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ് ഈ റോബോട്ടുള്ളതെന്ന് അഡ്‌നോക് ഡിജിറ്റൽ വിഭാഗം വൈസ് പ്രസിഡൻറ് മാസ് ഖുറേഷി പറഞ്ഞു. വൈകാതെ റോബോട്ടുകളെ രാജ്യവ്യാപകമായി ഉപയോഗിക്കാനാണ് പദ്ധതി. നിർമിതബുദ്ധി സാങ്കേതിക വിദ്യയിലാണ് റോബോട്ടുകൾ പ്രവർത്തിക്കുക.

പെട്രോൾ സ്‌റ്റേഷനിൽ എത്തുന്ന വാഹനത്തിൻറെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് റോബോട്ടുകൾ ഇന്ധനം നിറക്കുകയോ ഇ.വി. വാഹനങ്ങളാണെങ്കിൽ ചാർജ് ചെയ്യുകയോ ചെയ്യും. ചാർജിങ് പോയൻറുകളുടെ എണ്ണം 100ലധികമാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ അത് 150-200ലെത്തിക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *