പാമ്പുകള്‍ മാളത്തിന് പുറത്തിറങ്ങാന്‍ തുടങ്ങി: ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്

മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകള്‍ മാളത്തിന് പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്. പാമ്പുകളുടെ ഇണചേരല്‍ സമയമായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മലയോര, പടിഞ്ഞാറന്‍ മേഖലകളിലെ നിരവധി വീടുകളില്‍ നിന്ന് പാമ്പുകളെ പിടികൂടി. പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി.

പ്രളയത്തിന് ശേഷം വനമേഖലയില്‍ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്പുകള്‍ നാട്ടിന്‍പുറത്തെത്തി. പുഴയോരത്തും മറ്റും ഒട്ടേറെ അപരിചിത ഇനത്തിലുള്ള പാമ്പുകളെ കാണുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. പ്രളയത്തില്‍ പുഴയോരത്തെയും സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങള്‍ മൂടിയതോടെ പാമ്പുകള്‍ പുറത്തുചാടുന്നതും പതിവായി. കടിയേല്‍ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.

ഒക്ടോബര്‍ മുതല്‍ പ്രജനന കാലം

ഒക്ടോബര്‍ മുതല്‍ പാമ്പുകളുടെ പ്രജനന കാലമാണിത്. ഇണചേരല്‍ കാലത്ത് പെണ്‍ പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരായി ആണ്‍ പാമ്പുകള്‍ തേടിയിറങ്ങുന്ന സമയം. ചൂടുകൂടിയാല്‍ ശീതരക്തമുള്ള പാമ്പുകള്‍ ശരീരത്തിലെ താപനില നിലനിറുത്താന്‍ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്താല്‍ ആഞ്ഞുകൊത്തും. പാമ്പുകളെ കണ്ടാല്‍ അറിയിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ വോളണ്ടിയര്‍മാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സര്‍പ്പ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

വീടും പരിസരവും വൃത്തിയാക്കാം

മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍ നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.

കെട്ടിടത്തിന് മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കം ചെയ്യുക

മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും ശ്രദ്ധിക്കണം

ആള്‍ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്ക് പാമ്പുകള്‍ ഇര തേടിയിറങ്ങും

Leave a Reply

Your email address will not be published. Required fields are marked *