‘ഞങ്ങൾക്ക് ഒരു ശബ്ദം വേണം’ ; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതർ

ആവശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലും സര്‍ക്കാരിലും അറിയിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വായ്പകള്‍ എഴുതിത്തള്ളുന്നതിലെ നടപടികള്‍ നീളുന്നതും ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുകയാണ്.

ടൗണ്‍ഷിപ്പിനായി രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനിരിക്കെ കമ്പനികള്‍ കോടതിയെ സമീപിച്ച സാഹചര്യത്തിൽ കൂടിയാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ദുരന്തബാധിതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചൂരൽ മലയിൽ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഉരുള്‍പൊട്ടലുണ്ടായി 81 ദിവസം കഴിഞ്ഞിട്ടും പുനരധിവാസത്തിൽ ഉള്‍പ്പെടെ നടപടികള്‍ ഒന്നുമായിട്ടില്ല.

ടൗണ്‍ഷിപ്പിന്‍റെ കാര്യം ഉള്‍പ്പെടെ ഇപ്പോള്‍ കോടതി കയറുന്ന അവസ്ഥയാണെന്നും പലകാര്യങ്ങളിലും വ്യക്തതയില്ലെന്നും ദുരന്തബാധിതര്‍ പറഞ്ഞു. എല്ലാം പ്രതിസന്ധിയിലാകുമെന്ന വലിയ രീതിയിലുള്ള ഭയമുണ്ടെന്നും സമൂഹത്തോടും സര്‍ക്കാരിനോടും കാര്യങ്ങള്‍ കൃത്യമായി പറയാനും നടപടിയുണ്ടാകാനും വേണ്ടി ഒരു ശബ്ദം വേണമെന്ന നിലയിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം നടപടികള്‍ വൈകരുതെന്നും പ്രതികരിക്കുമെന്നും ദുരന്തബാധിതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *