കോൺ​ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്; മഹാരാഷ്ട്ര, ഝാർഖണ്ഡ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അം​ഗീകാരം നൽകും

കോൺ​ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡൽഹിയിൽ യോ​ഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോ​ഗം അന്തിമ അം​ഗീകാരം നൽകും. മഹാരാഷ്ട്രയിലെ 228 മണ്ഡലങ്ങളിലേക്ക് നവംബർ 23-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും സ്ഥാനാർത്ഥി പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കായി എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച യോഗം ചേർന്നിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ധാരണയായ സ്ഥാനാർത്ഥി പട്ടിക ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കും.

മഹാരാഷ്ട്രയിൽ എൻസിപി.(ശരദ് പവാർ വിഭാഗം) ശിവസേന (ഉദ്ധവ് വിഭാഗം) എന്നിവർ നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്തെ 228 സീറ്റിൽ 200 എണ്ണത്തിൽ ധാരണയായതായി ശരദ് പവാർ വ്യക്തമാക്കിയിരുന്നു. തർക്കം തീർക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല, ഉദ്ധവ് താക്കറെ, ശരദ് പവാർ എന്നിവരുമായി ചർച്ച നടത്തി വരികയാണ്.ഝാർഖണ്ഡിൽ ഹേമന്ത് സോറന്റെ ഝാർഖണ്ഡ് മുക്തിമോർച്ചയ്ക്കൊപ്പമാണ് കോൺ​ഗ്രസ് മത്സരിക്കുന്നത്. 81 ൽ 70 സീറ്റുകൾ പങ്കിട്ടെടുക്കാനാണ് കോൺ​ഗ്രസും ജെഎംഎമ്മും തമ്മിൽ ധാരണയായിട്ടുള്ളത്. ശേഷിക്കുന്ന 11 സീറ്റുകൾ സഖ്യകക്ഷികളായ അർജെഡി, ഇടതുപാർട്ടികൾ എന്നിവയ്ക്കായി നൽകാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *