സരിൻ പറഞ്ഞത് ശരി, എൽ.ഡി.എഫിന് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകൾ ഷാഫിക്ക് പോയി; എ.കെ.ബാലൻ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാർ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി.സരിന്റെ അഭിപ്രായം ആവർത്തിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. സരിൻ പറഞ്ഞതിൽ ഒരു അപകടവുമില്ല. സി.പി.എമ്മിന്റെയോ എൽ.ഡി.എഫ്. ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങൾക്കുണ്ട്. ആ വോട്ടിന്റെ ഒരുഭാഗം കോൺഗ്രസിലേക്ക് പോയി. ബി.ജെ.പി. ജയിക്കാൻ പാടില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ.കെ. ബാലൻ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി. ഇപ്പോൾ മുന്നാം സ്ഥാനത്ത് പോലുമില്ല. വേറെ ആരെങ്കിലുമുണ്ടെങ്കിൽ അവരായിരിക്കും മൂന്നാമത് എത്തുക. ഇവിടെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫിനും സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഏതെല്ലാം തരത്തിലുള്ള തുറുപ്പുചീട്ടുകൾ ഇറക്കിയിട്ടുണ്ടോ അതിന് ആരൊക്കെയാണോ കാരണക്കാർ അവരെക്കൊണ്ടുതന്നെ തിരിച്ചുപറയിപ്പിക്കും. അതിനുള്ള അവസരങ്ങൾ ഞങ്ങൾ ഉപയോഗിക്കുമെന്നുമാണ് എ.കെ.ബാലൻ പറയുന്നത്.

ഡോക്ടർ സരിനെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. എൽ.ഡി.എഫിന് ചരിത്ര വിജയമാണ് പാലക്കാട് ഉണ്ടാകാൻ പോകുന്നത്. രണ്ട് കാരണങ്ങൾ ഉയർത്തിയാണ് പി.സരിൻ കോൺഗ്രസ് വിട്ടത്. അതിൽ പ്രധാനപ്പെട്ടത് സംഘടനാപരമാണ്. മറ്റൊന്ന് രാഷ്ട്രീയവുമാണ്. സംഘടനാപരമെന്ന് അദ്ദേഹം ഉദേശിച്ചത് കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമില്ല എന്നുള്ളതാണ്. ചില നേതാക്കളെ ചാരിനിന്നാൽ മാത്രമേ പ്രെമോഷൻ ഉള്ളൂവെന്നാണ്.

കേരളത്തിൽ 51 ശതമാനം വോട്ടിന്റെ അംഗീകാരമുള്ള പാർട്ടിയൊന്നുമല്ല സി.പി.എം. എൽ.ഡി.എഫിന്റെ ഘടകകക്ഷികളുടെ വോട്ടുകൊണ്ടും സി.പി.എം. വോട്ടുകൾ കൊണ്ടും മാത്രം ഞങ്ങൾ ജയിക്കാൻ പോകുന്നില്ല. അല്ലാത്ത ഒരു വിഭാഗം വോട്ടുകൾ ഞങ്ങൾക്കുണ്ട്. അതിൽ ഒരുഭാഗം വോട്ട് കോൺഗ്രസിലേക്ക് പോയി. കാരണം അപ്പുറത്ത് ബി.ജെ.പി. ജയിക്കാൻ പാടില്ല എന്നുള്ളതുകൊണ്ട്. അതാണ് സരിൻ പറഞ്ഞത് അത് നൂറ് ശതമാനം ശരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *