ദുബായ് ഫിറ്റ്‌നസ് ചലഞ്ചി‌ന് ശനിയാഴ്ച തുടക്കം

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡി.എഫ്.സി.) എട്ടാം പതിപ്പിന് ശനിയാഴ്ച തുടക്കമാകും. നഗരത്തിലുടനീളം വിപുലമായ കായിക പ്രവർത്തനങ്ങളാണ് 30 ദിവസം നീണ്ടുനിൽക്കുന്ന ഡി.എഫ്.സി. വാഗ്ദാനം ചെയ്യുന്നത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ലാണ് ഡി.എഫ്.സി. ആരംഭിച്ചത്. ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 30 ദിവസം 30 മിനിറ്റ് വ്യായാമംചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.

ആരോഗ്യകരവും ഊർജസ്വലവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരീബ് പറഞ്ഞു. തുടക്കം മുതൽ ഇതുവരെ കോടിക്കണക്കിനാളുകളെ ഡി.എഫ്.സി. സ്വാധീനിച്ചിട്ടുണ്ട്. ഓരോ പതിപ്പിലും വർധിച്ചുവരുന്ന ജനപങ്കാളിത്തം അതിന് ഉദാഹരണമാണ്. സൗഹൃദവും വിനോദവും ആരോഗ്യവും നിറഞ്ഞ അനുഭവങ്ങൾക്കായി www.dubaifitnesschallenge.com വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരിൽനി‌ന്ന് തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് തങ്ങൾക്ക് പ്രിയപ്പെട്ട രണ്ടുപേരെ ദുബായിലേക്ക് കൊണ്ടുവരാൻ അവസരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *