തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. പാറശാലയിലും നെടുമങ്ങാടും നിന്നായി എക്സൈസ് പിടികൂടിയത് 40 കിലോയോളം വരുന്ന കഞ്ചാവാണ്. പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിലായത്. നെടുമങ്ങാട്ടെ വാടകവീട്ടിൽ ദമ്പതികളാണ് ക‍ഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്. വലിയതുറ സ്വദേശിയായ ചന്ദ്രൻ, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികളായ വിക്രംകുമാർ, രഞ്ചൻ ഖുറാ എന്നിവരെയാണ് ഇവിടെ നിന്നും എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം.

നെടുമങ്ങാട് കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. നെടുമങ്ങാട് എക്സൈസ് സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ മൂന്ന് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ആദ്യം ശുചിമുറിയിൽ കഞ്ചാവ് നശിപ്പിക്കാൻ ശ്രമിച്ചു. ശ്രമം പാളിയതോടെ ഭർത്താവ് മനോജ് ഓടി രക്ഷപ്പെട്ടു. ഭാര്യ ഭുവനേശ്വരി എക്സൈസിന്റെ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *