ലക്നൗ വിടാനൊരുങ്ങി രാഹുൽ; ഓഫർ തന്നാലും സ്വീകരിക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാനുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ രാഹുൽ അടുത്ത സീസണിൽ ക്ലബ്ബിൽ കളിക്കില്ലെന്ന് ഇതോടെ ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടീമിൽ തന്നെ നിലനിർത്തേണ്ടതില്ലെന്ന് രാഹുൽ ലക്നൗ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ഓഫർ വന്നാലും അതു സ്വീകരിക്കില്ലെന്ന് രാഹുൽ ടീം മാനേജ്മെന്റിനെ അറിയിച്ചു കഴിഞ്ഞു.

എൽഎസ്ജി മെന്ററായ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാംഗറിനും രാഹുല്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതിനോട് താൽപര്യമില്ല. കഴിഞ്ഞ സീസണിൽ രാഹുൽ നന്നായി ബാറ്റു ചെയ്ത മത്സരങ്ങളിലെല്ലാം ലക്നൗ തോറ്റതായി ടീം മാനേജ്മെന്റ് വിലയിരുത്തിയിരുന്നു. നിലയുറപ്പിക്കാൻ ഒരുപാടു പന്തുകൾ ആവശ്യമായി വരുന്നു രാഹുലിന്റെ ബാറ്റിങ് ശൈലി ട്വന്റി20 ക്രിക്കറ്റിനു യോജിച്ചതല്ലെന്നും വിമർശനമുയർന്നു. ഈ സാഹചര്യത്തിലാണ് ലക്നൗവിനൊപ്പം തുടരാനില്ലെന്ന തീരുമാനത്തിൽ രാഹുലെത്തിയത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ടീമിന്റെ തുടർ തോൽവികൾക്കിടെ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചത് വൻ വിവാദമായിരുന്നു. രാഹുൽ ടീം വിടുന്നതോടെ ലക്നൗവിനു പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *