കത്തിന് പിന്നിൽ ബി.ജെ.പി-സി.പി.എം ഗൂഢാലോചന, എഡിഎം വാർത്ത വരുമ്പോഴെല്ലാം അവർ ഒരു വെടിപൊട്ടിക്കും; രാഹുൽ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.സി.സി. ഹൈക്കമാൻഡിന് അയച്ച കത്തിന് പിന്നിൽ ബി.ജെ.പി-സി.പി.എം ഗൂഢാലോചനയെന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഗൗരവതരമായ ജനകീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കത്ത് വിവാദമാക്കുന്നതെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ഡി.സി.സിയുടെ കത്ത് ജനങ്ങളെ ബാധിക്കുന്ന കത്തല്ല. പക്ഷേ അത് വാർത്തകളിൽ നിറഞ്ഞപ്പോൾ ജനങ്ങളെ ബാധിക്കുന്ന രണ്ട് കത്തുകൾ ചർച്ചയിൽ നിന്ന് മാറിപ്പോയി. എ.ഡി.എം. കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ വരുന്ന ദിവസങ്ങളിലെല്ലാം ഇവരെന്തെങ്കിലുമൊരു വെടി അന്തരീക്ഷത്തിലേക്ക് പൊട്ടിക്കുകയും പിന്നീട് അത് തിരിഞ്ഞ് അവരുടെ നെഞ്ചത്ത് തന്നെ കൊള്ളുകയും ചെയ്തു.’ രാഹുൽ പറഞ്ഞു.

‘കെ. മുരളീധരനാണ് നല്ല സ്ഥാനാർഥിയെന്ന് കുറേ നേതാക്കൾ പറയുന്നു. ആ അഭിപ്രായം എനിക്കുമുണ്ട്. 140 മണ്ഡലങ്ങളിലും മത്സരിക്കാൻ പരമയോഗ്യനായ നേതാവാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കൊടുത്ത കത്താണ് പുറത്തുവന്നത്; സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമല്ല. അതിൽ ഒരുവാക്ക് പോലും എന്നെ കുറിച്ച് മോശമായി പറയുന്നില്ല.’ രാഹുൽ തുടർന്നു.

‘ബിഗ് ബ്രേക്കിങ് എന്ന് പറഞ്ഞ് കൊണ്ടുവന്ന വാർത്തയെ വി.കെ. ശ്രീകണ്ഠൻ എം.പി. മിനുറ്റുകൾ കൊണ്ട് ഗില്ലറ്റിൻ ചെയ്തുകളഞ്ഞു. രണ്ടാമത് ആ കത്തിലെ പ്രധാന നായകൻ മുരളിയേട്ടന്റെ പ്രതികരണം. മരിച്ച ആ വാർത്തയെ വീണ്ടും കൊന്നു. അതുകഴിഞ്ഞ് ഡി.സി.സി. പ്രസിഡന്റ് തങ്കപ്പേട്ടന്റെ വാർത്താസമ്മേളനം. മരിച്ച വാർത്തയെ ഒന്നുകൂടെ തട്ടിയുണർത്തി വീണ്ടും കൊന്നു. അങ്ങനെ മൂന്നുപേർ ചേർന്ന് ആ വാർത്തയെ കൊന്നതാണ്. എന്നിട്ടും നമ്മൾ ഇന്നും അത് ചർച്ച ചെയ്യുകയാണ്. ഞാൻ പറഞ്ഞ ഗൗരവതരമായ വിഷയങ്ങളിലേക്ക് ഇപ്പോൾ പോലും പോകാൻ കഴിയുന്നില്ല.’

‘ഉരുൾപൊട്ടലുണ്ടായ വയനാടിന് കേന്ദ്രസഹായം ലഭിച്ചിട്ടില്ല. സി.പി.എമ്മിന്റെ സ്ഥാനാർഥിയോ സി.പി.എമ്മോ അത് ചർച്ചയാക്കുന്നുണ്ടോ? എ.ഡി.എമ്മിന്റെ കൊലപാതകത്തിൽ ബി.ജെ.പി. കാര്യമായി പ്രതികരിക്കുന്നുണ്ടോ? ഇല്ല. ഇതൊരു നെക്സസാണ്. ഉദാഹരണങ്ങൾ ഇനിയും പറയാം. മൂന്ന് രാഹുലുമാരാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒന്ന് ഞാൻ. ബാക്കി രണ്ട് രാഹുലുമാരുടെ പശ്ചാത്തലം പരിശോധിച്ചാൽ അറിയാം, ഒരാൾ സി.പി.എമ്മും അടുത്തയാൾ ബി.ജെ.പിയുമാണ്.’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *