ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീ പിടിച്ചു; വൻ പൊട്ടിത്തെറി, 154 പേർക്ക് പരിക്ക്, 8 പേരുടെ നില ​ഗുരുതരം

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വൻ അപകടം. സംഭവത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. മാരകമായി പൊള്ളലേറ്റവരെ മം​ഗളൂരു, കണ്ണൂർ, കോഴിക്കോട് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ കണ്ണൂർ ​ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരു പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണതോടെ വെടിപ്പുര ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്ര മതിലിനോടു ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനു സമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടുയുള്ളവർ തെയ്യം കാണാൻ കൂടി നിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു. പടക്ക ശേഖരം പൊട്ടിത്തെറിച്ച് വലിയ തീ ​ഗോളമായി മാറി. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.

അതേസമയം വെടിക്കെട്ടിനു അനുമതി ഇല്ലായിരുന്നുവെന്നു കലക്ടർ കെ ഇമ്പശേഖർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ക്ഷേത്രത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലുള്ളത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *