ഭുവനേശ്വറിൽ ഭാര്യയെ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ഒഡീഷയിലെ ഭുവനേശ്വറിൽ ഭാര്യയെ അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പ്രദ്യുമ്ന കുമാർ (24) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് പ്രദ്യുമ്നനെ സഹായിച്ച നഴ്സുമാരായ റോജി പത്ര, എജിത ഭൂയാൻ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രദ്യുമ്നയുടെ ഭാര്യ സുബശ്രീ നായ്ക്ക്(26) ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് പ്രദ്യുമ്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സുബശ്രീ മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ചാണ് സുബശ്രീയുടെ മരണമെന്ന് തെളിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ചോദ്യം താനും നഴ്സുമാരായ റോജിയും എജിതയും ചേർന്ന് സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് പ്രദ്യുമ്ന പറഞ്ഞു.

2020ലായിരുന്നു സ്വദേശിനിയായ സുബശ്രീയും പ്രദ്യുമ്നയും തമ്മിലുള്ള വിവാഹം. ഏറെ നാൾ പ്രണയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം പ്രദ്യുമ്ന സുബശ്രീയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഇതോടെ സുബശ്രീ സ്വന്തം വീട്ടിലേക്ക് പോയി. ഫാർമസിസ്റ്റായ പ്രദ്യുമ്ന 2023ലാണ് എജിതയെ പരിചയപ്പെടുന്നത്. പിന്നീട് റോജിയേയും പരിചയപ്പെട്ടു. മൂന്ന് പേർക്കുമിടയിൽ സൗഹൃദമുടലെടുത്തു. ഇതിനിടെ ഭാര്യയെ കൊലപ്പെടുത്താൻ പ്രദ്യുമ്ന പദ്ധതിയിട്ടു. സുബശ്രീ തന്നെ സ്ഥിരം ഉപദ്രവിക്കുകയാണെന്നും അവളെ കൊലപ്പെടുത്തണമെന്നും പ്രദ്യുമ്ന സുഹൃത്തുക്കളോട് പറഞ്ഞു. തുടർന്നാണ് അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് സുബശ്രീയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഞായറാഴ്ച പ്രദ്യുമ്ന സുബശ്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തൊട്ടടുത്ത ദിവസം പ്രദ്യുമ്ന സുബശ്രീയെ റോജിയുടെ വീട്ടിലെത്തിച്ചു. ഈ സമയം എജിതയും അവിടെയുണ്ടായിരുന്നു. പദ്ധതിപ്രകാരം സുബശ്രീയുടെ ശരീരത്തിൽ അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ചു. പിന്നാലെ സുബശ്രീ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി പിനക് മിശ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *