2,0000000000000000000000000000000000 ഡോളർ; ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ

പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ. രണ്ടിന് ശേഷം 34 പൂജ്യം ഡോളര്‍ (20 Decillion ഡോളര്‍) വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഗൂഗിളിന് റഷ്യ നല്‍കിയത്. യൂട്യൂബുമായി ബന്ധപ്പെട്ടാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന് പിഴ ചുമത്തിയത്. റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ ബ്ലോക്ക് ചെയ്യാനുള്ള പ്ലാറ്റ്ഫോമിന്റെ തീരുമാനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് മറുപടിയായാണ് റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ ബ്ലോക്ക് ചെയ്യാന്‍ യൂട്യൂബ് തീരുമാനിച്ചത്. ആഗോള സമ്പദ്വ്യവസ്ഥയുടെ മൊത്തം മൂല്യത്തെ പലതവണ മറികടക്കുന്നതാണ് പിഴത്തുക.

യൂട്യൂബില്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിള്‍ ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളില്‍ യൂട്യൂബില്‍ ചാനലുകള്‍ പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓരോ ദിവസവും പിഴ ഇരട്ടിയാക്കി മൊത്തം പിഴത്തുക കൂട്ടുമെന്നും വിധിയില്‍ പറയുന്നു.

2022 മാര്‍ച്ചില്‍, ആര്‍ടി, സ്പുട്നിക് എന്നിവയുള്‍പ്പെടെ നിരവധി റഷ്യന്‍ ചാനലുകള്‍ക്ക് യൂട്യൂബ് ആഗോള നിരോധനം പ്രഖ്യാപിച്ചത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അക്രമ സംഭവങ്ങളെ ചെറുതാക്കി കാണ ചാനലുകള്‍ നിരോധിക്കുമെന്ന ഉള്ളടക്ക നയം ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്ഫോം തീരുമാനത്തെ ന്യായീകരിച്ചത്. ആഗോളതലത്തില്‍ യൂട്യൂബ് 1,000-ലധികം ചാനലുകളും 15,000-ലധികം വീഡിയോകളും നീക്കം ചെയ്യുകയും യുക്രെയ്ന്‍ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള റഷ്യയുടെ വിവരണങ്ങളെ പിന്തുണയ്ക്കുന്ന ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *