വൃത്തിയില്ലാത്ത ടോയ്ലറ്റ്, വെള്ളമില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ

ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ. തിരുപ്പതിയിൽ നിന്ന് വിശാഖ പട്ടണത്തേക്കുള്ള യാത്രയിൽ എ.സി. സംബന്ധമായ പ്രശ്നം, വെള്ളം, വൃത്തിഹീനമായ ശൗചാലയം തുടങ്ങിയവ കാരണം ശാരീരികവും മാനസികവുമായ പ്രതിസന്ധി നേരിട്ടുവെന്ന പരാതിയുമായി വി. മൂർത്തി എന്ന യാത്രക്കാരനാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

2023- ജൂൺ 5നാണ് പരാതിക്കാസ്പദമായ സംഭവം. തിരുമല എക്സ്പ്രസിലെ എ.സി കോച്ചിൽ കുടുംബത്തോടൊപ്പമായിരുന്നു വി. മൂർത്തി യാത്ര ചെയ്തത്. തിരുപ്പതി സ്റ്റേഷനിൽ നിന്നാണ് ഇവർ കയറിയത്. യാത്രയ്ക്കിടെ ശൗചാലയം ഉപയോഗിക്കാൻ പോയപ്പോൾ അവിടെ വെള്ളമുണ്ടായിരുന്നില്ലെന്നും വൃത്തിഹീനമായിക്കിടക്കുകയായിരുന്നുവെന്നും വി മൂർത്തി പറയുന്നു. കോച്ചിൽ എ.സി. ശരിയായി പ്രവർത്തിച്ചിരുന്നില്ല. വിഷയം ദുവ്വാഡയിലെ റെയിൽവേ ഓഫീസിൽ അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

തെറ്റായ ആരോപണങ്ങളെന്നായിരുന്നു റെയിൽവേയുടെ മറുപടി. മൂർത്തിയും കുടുംബവും ഇന്ത്യൻ റെയിൽവേ സേവനം ഉപയോഗിച്ച് സുരക്ഷിതമായ യാത്ര പൂർത്തിയാക്കിയെന്നും റെയിൽവേ വാദിച്ചു. എന്നാൽ, ശൗചാലയം, എസിയുടെ പ്രവർത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ റെയിൽവേ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മിഷൻ പറഞ്ഞു. യാത്രയിൽ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമായി 25000 രൂപയും കൂടാതെ നിയമപരമായ ചെലവുകൾക്കായി വഹിച്ച 5000 രൂപയും അടക്കം 30000 രൂപ നൽകാനാണ് ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *