ഫുട്ബാൾ താരം അനസ് എടത്തൊടിക വിരമിച്ചു

ഇന്ത്യൻ ഫുട്ബാൾ താരമായിരുന്ന അനസ് എടത്തൊടിക പ്രഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ ഇന്നലത്തെ മത്സരത്തിന് ശേഷമാണ് മലപ്പുറം എഫ്‌.സിയുടെ ക്യാപ്റ്റൻ കൂടിയായ അനസ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 37കാരനായ താരം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് 2019 ജനുവരിയിൽ വിരമിച്ചിരുന്നു.

2007ൽ മുംബൈ ടീമിനായി ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചായിരുന്നു അനസിന്റെ പ്രഫഷണൽ ഫുട്ബാളിലേക്കുള്ള വരവ്. 2011ൽ പൂനെ എഫ്.സിയിലെത്തി. പൂനെക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബാളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു. 2017ൽ ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച അനസ് രാജ്യത്തിനായി 21 മത്സരങ്ങൾ കളിച്ചു.

2021-22 ഐ‌എസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി ഫുട്‌ബോൾ കളിച്ച അനസ്, രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിലൂടെ പ്രഫഷണൽ ഫുട്ബാളിലേക്ക് തിരികെയെത്തിയത്. ഈ സീസണിൽ മലപ്പുറം എഫ്.സിയുടെ ക്യാപ്റ്റനുമായി.

Leave a Reply

Your email address will not be published. Required fields are marked *