തെലങ്കാനയിൽ സ്‌കൂൾ ഗേറ്റ് വീണ് ആറ് വയസുകാരൻ മരിച്ചു

തെലങ്കാനയിൽ സ്‌കൂൾ ഗേറ്റ് വീണ് ആറ് വയസുകാരൻ മരിച്ചു. ഹയത്നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും സ്‌കൂളിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഹയാത് നഗർ നഗരസഭാധ്യക്ഷനും എസ്എഫ്ഐ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.

കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പൽ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

രംഗറെഡ്ഡി വിദ്യാഭ്യാസ ഓഫീസർ സുശീന്ദർ റാവു സ്‌കൂളിലെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന അജയ് എന്ന വിദ്യാർഥി ഇരുമ്പുകൊണ്ടുള്ള സ്‌കൂൾ ഗേറ്റ് വീണ് മരിക്കുന്നത്. ഗേറ്റിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *