‘പ്രതീക്ഷിച്ചതിന്‍റെ ഇരട്ടി വോട്ടില്‍ ജയിക്കും’; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയെന്ന് കെ സുധാകരൻ

പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയെന്നാണെന്നും ഇനി പ്രതീക്ഷിച്ചതിന്‍റെ ഇരട്ടി വോട്ടില്‍ രാഹുൽ ജയിക്കുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. 

പൊലീസിനെതിരെ നിയമ പരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പൊലീസ് പരിശോധനയില്‍ കോൺ​ഗ്രസ് നേതാക്കളിൽ നിന്ന് കള്ളപ്പണം കിട്ടിയോ. തിരിച്ചുപോകുമ്പോൾ ഒരു ക്ഷമാപണം പോലും നടത്താന്‍ പൊലീസ് തയ്യാറായില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ കൈ നക്കിയത് കൊണ്ടാണ് ബിജെപിക്കെതിരായ കള്ളപ്പണക്കേസ് ഒതുക്കിയത്. സിപിഎം നാശത്തിലേക്ക് പോകുകയാണ്. പ്രവർത്തകർ ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും സുധാകരൻ പാലക്കാട്ടെ പ്രതിഷേധ മാര്‍ച്ചിൽ പറഞ്ഞു.

പൊലീസ് പരിശോധനയ്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ബിജെപി നാടകമെന്ന് എ കെ ബാലന്‍റെ ആരോപണത്തോട് ബാലന് വട്ടാണെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. എന്തും വിളിച്ചു പറഞ്ഞാൽ കേട്ടിരിക്കുമെന്ന് ബാലൻ കരുതരുത്. കോണ്‍ഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കുമെന്നും സുധാകരൻ പറഞ്ഞു. ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള  പാലക്കാട്ട് ഇന്നലെ രാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറികളില്‍ പൊലീസ് പരിശോധന നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *