പാലക്കാട്ടെ പാതിരാ റെയ്ഡ് ; പ്രതിഷേധവുമായി കോൺഗ്രസ് , മാർച്ചിൽ സംഘർഷം

പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് കെ സുധാകരൻ ഉദ്ഘാടനം ചെയ്തശേഷം വീണ്ടും സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് കെട്ടിയ കയര്‍ അഴിക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിടാനും ശ്രമമുണ്ടായി. നേതാക്കള്‍ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. മാര്‍ച്ച് അവസാനിച്ചുവെന്ന് അറിയിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. അബിൻ വര്‍ക്കി, അൻവര്‍ സാദത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും നീക്കുകയായിരുന്നു. കയ്യാങ്കളിക്കിടയിൽ പൊലീസിന്‍റെ ലാത്തി പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി. ഒടുവിൽ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ഒന്നരയോടെ സ്ഥലത്ത് നിന്ന് പിരിഞ്ഞുപോയത്.

നൂറുകണക്കിനുപേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്. മാര്‍ച്ചിൽ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.

പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാര്‍ച്ചിലൂടെ ഉയര്‍ത്തിയത്. 200ലധികം പൊലീസുകാരെയാണ് എസ്‍പി ഓഫീസ് പരിസരത്ത് വിന്യസിച്ചിരുന്നത്. ബാരിക്കേഡിന് അപ്പുറമായും നിരവധി പൊലീസുകാരെ നിയോഗിച്ചിരുന്നു. പാലക്കാട് എസ് പി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാർ ജില്ലയിലെ മുഴുവൻ സ്റ്റേഷനിലേയും ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ടെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *