മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണം, എഴുത്തുകാരൻ ജെയമോഹൻ: ‘മഞ്ഞുമ്മൽ ബോയ്‌സ്’ വിവാദത്തിൽ എഴുത്തുകാർക്കെതിരെയും വിമർശനം

ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും, തിരക്കഥാകൃത്തും,നിരൂപകനുമായ ബി. ജെയമോഹൻ പറഞ്ഞു. അത്തരം പരിശ്രമങ്ങളിലൂടെ മാത്രമേ മിത്തുകളെ ആധുനീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ കോൺഫ്രൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ പി കെ ബാലകൃഷ്ണൻ എഴുതിയതാണ്’ ഇനി ഞാൻ ഉറങ്ങട്ടെ’ എം ടി വാസുദേവൻ നായർ എഴുതിയ രണ്ടാംമൂഴം എന്നീ കൃതികൾ പുറത്തുവന്നതോടെ മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾക്ക് പുതിയ സ്വത്വം കൈവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതര ഭാഷകളിലും സമാനമായ ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇവയെല്ലാം ഏതെങ്കിലും ഒരു അദ്ധ്യായത്തെയോ കഥാപാത്രത്തെയോ ആധാരമാക്കിയാണ് ചെയ്തത്. എന്നാൽ മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസത്തെ സമഗ്രമായി പുനരാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് ‘വെൺ മുരശ്’ എന്ന നോവലിലൂടെ നടത്തിയത് എന്ന് ജെയമോഹൻ പറഞ്ഞു. മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പുതിയ ഭാവുകത്വം നൽകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയുമ്പോഴാണ് മിത്തിനെ ആധുനീകരിക്കാൻ സാധിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നിലപാട് ശക്തമാക്കിയാണ് ജെയമോഹൻ പ്രതികരിച്ചത്. വിനോദ സഞ്ചാരത്തിനെത്തി തമിഴ് നാട്ടിലെ കാടുകളിൽ മദ്യക്കുപ്പി വലിച്ചെറിഞ്ഞ് നടത്തുന്ന ആഭാസത്തെ അംഗീകരിക്കാനാവില്ലെന്ന് ജെയമോഹൻ പറഞ്ഞു. ‘അന ഡോക്ടർ’ എന്ന നോവലിന്റെ കഥാകാരൻ എന്ന നിലയിൽ മദ്യക്കുപ്പികളുടെ ചില്ല് കാലിൽ തറച്ച് പിടയുന്ന ആനകളുടെ വേദന തനിക്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നതെന്നും ജെയമോഹൻ വ്യക്തമാക്കി.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും മദ്യപരെ പ്രകീത്തിക്കുകയും ചെയ്യുന്ന സിനിമകളോട് എന്നും എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ ഒരംഗീകാരവും ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല, അതുകൊണ്ട് തന്നെ മലയാളികൾ നടത്തുന്ന ആക്ഷേപങ്ങളെ തള്ളിക്കളയുന്നു.

‘പെറുക്കി’ എന്ന വാക്കിന് വ്യവസ്ഥിതിക്ക് പുറത്ത് നിൽക്കുന്നവൻ, നിയമ സംവിധാനത്തിന് വിധേയമാകാതെ പെരുമാറുന്നവൻ എന്ന അർത്ഥമാണ് തമിഴിൽ ഉള്ളത്. മലയാളി വിമർശകർ ഏത് അർത്ഥത്തിലാണ് ഇതിനെ എടുത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യൻ എന്നതൊഴികെ മറ്റെല്ലാ സ്വത്വബോധങ്ങളും ഇന്ന് പ്രബലമാണ്. മലയാളിയെ വിമർശിക്കുന്നുവെന്ന് നിലവിളിക്കുന്നവർ ശരാശരി നിലവാരം പോലും ഇല്ലാത്തവരാണെന്നും ജെയമോഹൻ കുറ്റപ്പെടുത്തി.

വൈക്കം മുഹമ്മദ് ബഷീറും ലോഹിതദാസും

അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ താനൊരു എഴുത്തുകാരനായി മാറിയെന്ന് ജെയമോഹൻ പറഞ്ഞു.ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആരാകണമെന്ന ടീച്ചറുടെ ചോദ്യത്തിന് വൈക്കം മുഹമ്മദ് ബഷീർ ആകണം എന്ന ഉത്തരമാണ് താൻ നൽകിയത്. വലുതായപ്പോൾ അമ്മയോടൊപ്പം ബഷീറിനെ കാണാൻ പോയി അനുഗ്രഹം വാങ്ങിയെന്നും അദ്ദേഹം ഓർമിച്ചു.

സിനിമ ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല. തന്റെ സുഹൃത്ത് ലോഹിതദാസ് സിനിമയിൽ സജീവമാകണമെന്ന് എപ്പോഴും സ്നേഹപൂർവം ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ ലോഹിതദാസ് പതിനായിരം രൂപ അഡ്വാൻസ് നൽകി. ഇതിന് ശേഷം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പറഞ്ഞത് ലോഹിതദാസിന്റേത് രാശിയുള്ള കൈകളാണെന്നും 25 വർഷം സിനിമാ രംഗത്ത് സജീവമായി നിൽക്കുമെന്നുമാണ്. ലോഹിതദാസിൽ നിന്ന് ആദ്യ തുക കൈപ്പറ്റിയ ദിലീപ്, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവരുടെ വളർച്ച ചൂണ്ടിക്കാണിച്ചാണ് അസിസ്റ്റന്റ് ഇക്കാര്യം പറഞ്ഞത്. എന്നാൽ താൻ ഒരിക്കലും സിനിമയുടെ പുറകെ പോയിട്ടില്ലെന്നും സിനിമ തന്നെ തേടി വരികയായിരുന്നെന്നും ബി ജെയമോഹൻ പറഞ്ഞു. സാനിയോ ഡാൽഫെ മോഡറേറ്ററായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *