‘സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു’ ; കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ ഡിജിപിക്ക് പരാതി

വ്യവസായ വകുപ്പ് ഡയറക്ട‌റായിരുന്ന കെ ഗോപാലകൃഷ്‌ണൻ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആണ് പരാതി നൽകിയത്. സമൂഹത്തിൽ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചതിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സർവീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെ പരാമർശിച്ചാണ് പരാതി.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഗോപാലകൃഷ്ണൻ്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോൺ ഹാക്ക് ചെയ്തതിൽ ശാസ്ത്രീയ തെളിവുകളും അപൂർണമാണ്. ഗ്രൂപ്പിൽപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥൻ പരാതിയുമായി സമീപിച്ചാൽ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്.

കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണൻ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *