‘എന്റെ രീതിയാണ് അത് മറ്റുള്ളവർ മാതൃകയാക്കേണ്ടതില്ല; ഭർത്താവിനെ അനുസരിച്ച് ആരും ജീവിക്കേണ്ട’; സ്വാസിക

ഭർത്താവിന്റെ കീഴിൽ ജീവിക്കാനാ​ഗ്രഹിക്കുന്ന സ്ത്രീയാണ് താനെന്നും കാൽ തൊട്ട് വണങ്ങാറുണ്ടെന്നും നടി സ്വാസിക നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് നടി. താൻ ജീവിക്കാനാ​ഗ്രഹിച്ച രീതിയാണ് പറഞ്ഞത്. അത് മറ്റുള്ളവർ മാതൃകയാക്കേണ്ടതില്ലെന്ന് സ്വാസിക പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സൈബർ ബുള്ളിയിം​ഗ് ആയി ഞാനതിനെ എടുക്കുന്നില്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാൽ അല്ല. അമ്മൂമ്മയും അങ്ങനെയല്ല. ഞാൻ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു.

അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. നിങ്ങൾക്ക് അത് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകൾ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം. പക്ഷെ ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട. ഓരോരുത്തർക്കും അവരവരുടെ രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

എന്റെ മനസമാധാനം ഞാൻ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. മൂന്നാമതൊരാൾ ഇതിൽ സ്വാധീനിക്കപ്പെടരുത്.

ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താ​ഗതി മാറുമെന്ന് പറയും. പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. തനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതിയെന്ന് സ്വാസിക പറയുന്നു. ആളുകൾ പറയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുന്നു എന്നാണ്. പക്ഷെ നിങ്ങൾ ജീവിക്കുന്ന രീതിയാണ് ശരി. എന്നെ പോലെ ആരും ജീവിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും സ്വാസിക വ്യക്തമാക്കി. ‌‌നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. സ്വാസിക തന്റെ കാൽ തൊട്ട് തൊഴാറുണ്ടെന്നും കഴിച്ച പാത്രം സ്വയം കഴുകിയാൽ ഭാര്യക്ക് ദേഷ്യമാണെന്നും പ്രേം അടുത്തിടെ പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *