ഇ.പി ജയരാജൻ്റെ പുസ്തക വിവാദം ; ആകാശത്ത് നിന്ന് പുസ്തകം എഴുതാൻ പറ്റുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർക്കാരിനെ കുറിച്ച് സിപിഐഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നത്. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്. ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്ത് നിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്ന് സതീശൻ ചോദിച്ചു.

ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഇ പിയുടെ ആത്മകഥ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ പോയി. ഡി സി ബുക്സ് ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത്. ഇപിയുടെ ആത്മകഥ സത്യമാണ്. പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തി. ആത്മകഥയിൽ സിപിഐഎം പെട്ടുപോയിയെന്നും സതീശന്‍ പ്രതികരിച്ചു. ചേലക്കര തിരിച്ചു പിടിക്കുമെന്നും പാലക്കാട്‌ വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

മുനമ്പം സംഘപരിവാർ അജണ്ടയ്ക്ക് സർക്കാർ സഹായം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് നോട്ടീസ് കിട്ടിയ വീടുകൾ ബിജെപി നേതാക്കൾ സന്ദർശിക്കുന്നു. ഇത് ഒരു അഡ്ജസ്റ്റ്മെന്‍റാണ്. സർക്കാർ കീഴിലുള്ള വഖഫ് ബോർഡ് ബിജെപിക്ക് സഹായം ചെയ്യുകയാണെന്ന് സതീശന്‍ പറഞ്ഞു. പാലക്കാട് സിപിഐഎം സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കണം. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് സെക്രട്ടറി ചെയ്യുന്നത്. പുതുതായി ചേർത്തിരിക്കുന്ന വോട്ടർമാർ വോട്ട് ചെയ്യും. അതാര് എതിർത്താലും ചെയ്യും. കോൺഗ്രസ് ചേർത്തിരിക്കുന്ന വോട്ടുകളിൽ സിപിഐഎമ്മിന് അസ്വസ്ഥതയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *