സ്വകാര്യ വീഡിയോ ഉപയോഗിച്ച് മുതിർന്ന സൈനിക ഉദ്യാഗസ്ഥനെ ബ്ലാക്മെയിൽ ചെയ്തു ; ഇസ്രയേൽ പ്രധാനമന്ത്രിയുടെ വിശ്വസ്ഥനെ ചോദ്യം ചെയ്യും

മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ സ്വകാര്യ വിഡിയോ ഉപയോഗിച്ച് ബ്ലാക്‌മെയിൽ ചെയ്ത സംഭവത്തിൽ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിശ്വസ്ഥനെ ചോദ്യംചെയ്യാൻ ഇസ്രായേൽ പൊലീസ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ് സാച്ചി ബ്രേവ്മാനെയാണ് അന്വേഷണസംഘം ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്‌സ് തിരുത്താൻ ആവശ്യപ്പെട്ടായിരുന്നു ബ്ലാക്‌മെയിലിങ്ങെന്നാണു വെളിപ്പെടുത്തൽ. നേരത്തെ, നെതന്യാഹുവിന്റെ വിശ്വസ്തനായ വക്താവ് അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയ കേസിലും നടപടി നേരിടുന്നുണ്ട്.

ഇസ്രായേൽ ടെലിവിഷനായ ‘കാൻ’ ആണ് സാച്ചിക്കെതിരായ വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു വനിതാ ജീവനക്കാരിയും ഒരു മുതിർന്ന ഐഡിഎഫ് ഉദ്യോഗസ്ഥനും തമ്മിൽ ‘അവിഹിത’ബന്ധമുണ്ടെന്ന് ആരോപിച്ചു നേരത്തെ സേനാ തലവൻ ഹെർസി ഹാലെവിക്കു പരാതി ലഭിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയും ഉദ്യോഗസ്ഥനെ സാച്ചി ഭീഷണിപ്പെടുത്തിയെന്നാണു വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉൾപ്പെടെയുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു ബ്ലാക്‌മെയിൽ ചെയ്തത്.

ഗസ്സയിലെ ആക്രമണവുമായി ബന്ധപ്പെട്ടു ചേർന്ന യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്‌സ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സാച്ചി ഐഡിഎഫ് ഉദ്യോഗസ്ഥനുമേൽ സമ്മർദം ചെലുത്തിയത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു പിന്നാലെ ഗസ്സയിൽ ആരംഭിച്ച സൈനിക നടപടികളുടെ തുടക്കത്തിൽ നടന്ന യോഗത്തിലെ വിവരങ്ങൾ മാറ്റാനായിരുന്നു ആവശ്യം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രബലനായ ഉദ്യോഗസ്ഥനാണ് സാച്ചി ബ്രേവ്മാൻ. നെതന്യാഹുവിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളെന്നാണ് ഇസ്രായേൽ മാധ്യമമായ ‘യെദിയോത്ത് അക്രോനോത്ത്’ വിശേഷിപ്പിക്കുന്നത്.

അതേസമയം, ആരോപണങ്ങളെല്ലാം തള്ളി സാച്ചി രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നും വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ളതുമാണെന്നായിരുന്നു പ്രതികരണം. പ്രചരിക്കുന്ന തരത്തിലുള്ള ഒരു വിഡിയോയും താൻ എവിടെനിന്നും സ്വന്തമാക്കിയിട്ടില്ലെന്നും ഒരു തരത്തിലുള്ള ബ്ലാക്‌മെയിലിങ്ങും നടത്തിയിട്ടില്ല. യുദ്ധത്തിനിടയിൽ തന്നെയും പ്രധാനമന്ത്രിയുടെയും ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണു വാർത്ത പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്നുമായിരുന്നു സാച്ചി ബ്രേവ്മാൻ വാദിച്ചത്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പുതിയ വിവാദങ്ങൾക്കു പിന്നാലെ പൊലീസിനെതിരെയും സുരക്ഷാ ഏജൻസിയായ ഷിൻ ബെത്തിനെതിരെയും കടുത്ത വിമർശനങ്ങളുയർത്തുകയാണ് ബെഞ്ചമിൻ നെതന്യാഹു ചെയ്തത്. തന്റെ സർക്കാരിനെ അട്ടിമറിക്കാനാണ് പൊലീസും ഷിൻ ബെത്തും ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. അടുത്തിടെയായി തന്റെ ഓഫീസിനെ ലക്ഷ്യംവച്ച് നിരന്തരം ആക്രമണങ്ങൾ നടക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *