ഉത്തർപ്രദേശ് ഝാൻസിലെ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തം ; 14 കുട്ടികൾക്ക് രക്ഷകയായത് ഡ്യൂട്ടി നേഴ്സിൻ്റെ അവസരോചിതമായ ഇടപെടൽ

ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളജിലെ കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ രക്ഷകയായത് ഡ്യൂട്ടി നഴ്‌സായ മേഘ ജെയിംസ്. തന്റെ ശരീരത്തിൽ തീ പടർന്നിട്ടും അത് വകവെക്കാതെ മേഘ രക്ഷപ്പെടുത്തിയത് 14 കുഞ്ഞുങ്ങളെയാണ്.

”ഒരു കുഞ്ഞിന് ഇഞ്ചക്ഷൻ നൽകുന്നതിനായി സിറിഞ്ച് എടുക്കാൻ പോയതായിരുന്നു ഞാൻ. തിരിച്ചുവന്നപ്പോൾ ഓക്‌സിജൻ സിലിണ്ടറിന് തീപിടിച്ചതായി കണ്ടു. ഞാൻ വാർഡ് ബോയിയെ വിളിച്ചു. അവൻ ഫയർ എക്‌സ്റ്റിംഗ്യൂഷറുമായി എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. പുക നിറഞ്ഞിരുന്നതിനാൽ ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ചെരിപ്പിൽ തീപിടിച്ചു, പിന്നെ അത് കാലിലേക്കും സൽവാറിലേക്കും പടർന്നു. ഞാൻ എന്റെ സൽവാർ ഊരിയെറിഞ്ഞു. പിന്നീട് മറ്റൊന്ന് ധരിച്ച് വീണ്ടും രക്ഷാപ്രവർത്തനം നടത്തി”-മേഘ പറഞ്ഞു.

കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ മേഘ തന്റെ ശരീരത്തിൽ തീ പടരുന്നത് ശ്രദ്ധിച്ചില്ല. സ്വന്തം ജീവൻ പോലും പണയംവെച്ചാണ് അവർ കുഞ്ഞുങ്ങളെ പുറത്തെത്തിച്ചതെന്ന് അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടായ നളിനി സൂദ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മേഘ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ കുട്ടികളുടെ ഐസിയുവിൽ തീപിടിത്തമുണ്ടായത്. 10 കുട്ടികളാണ് തീപിടിത്തത്തിൽ വെന്തുമരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *