‘പരാജയങ്ങളില്‍ വിഷമിക്കുകയല്ല; വിലയിരുത്തല്‍ നടത്തുകയാണ് വേണ്ടത്’: ഷാരൂഖ് ഖാന്‍

പരാജയങ്ങളില്‍ വിഷമിക്കുകയല്ല, വിലയിരുത്തല്‍ നടത്തുകയാണ് വേണ്ടതെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സ്വന്തം ജീവിതത്തില്‍നിന്നുള്ള അനുഭവം പറഞ്ഞാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ദുബായില്‍ ഗ്ലോബല്‍ ഫ്രെയ്റ്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടാല്‍ അതിന് കാരണം ഗൂഢാലോചനയല്ല, പ്രേക്ഷകനുമായി സംവദിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണെന്നും ഷാരൂഖ് പറഞ്ഞു.

‘പരാജയപ്പെടുമ്പോള്‍ നിങ്ങളുടെ സേവനമോ ഉത്പന്നമോ മോശമായി എന്നല്ല കരുതേണ്ടത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചുറ്റുപാടിനെ നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് നിങ്ങള്‍ മനസിലാക്കേണ്ടത്. ആര്‍ക്കുമുന്നിലാണോ ഞാന്‍ എന്നെ പ്രദര്‍ശിപ്പിക്കുന്നത്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എത്ര മികച്ചതായാലും എന്റെ ഉത്പന്നം ശ്രദ്ധിക്കപ്പെടാന്‍ പോകുന്നില്ല’, ഷാരൂഖ് ഖാന്‍ പറഞ്ഞു.

സ്വന്തം പെര്‍ഫോമന്‍സിനെ വിമര്‍ശനാത്മകമായി സമീപിക്കാറുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘ആ വികാരം ഞാന്‍ വെറുക്കുന്നു. അപ്പോള്‍ ബാത്‌റൂമിലിരുന്ന് കരയും. ആരേയും അത് കാണിക്കാറില്ല. ലോകം ഒരിക്കലും നിങ്ങള്‍ക്ക് എതിരാണെന്ന് ചിന്തിക്കരുത്. നിങ്ങള്‍ കാരണമോ മറ്റാരെങ്കിലും ഗൂഢാലോചന നടത്തുന്നതുകൊണ്ടോ അല്ല നിങ്ങളുടെ ചിത്രം മോശമാവുന്നത്. നിങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *