ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചു; പാലക്കാട് സിപിഎം വലിയ തിരിച്ചടി നേരിടും: കെ.സി വേണുഗോപാൽ

ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ചില പത്രങ്ങൾ തിരഞ്ഞുപിടിച്ചുള്ള സിപിഎം പരസ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹപ്രകാരമാണ്.

പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്. സന്ദീപ് വാരിയർ ബിജെപി വിട്ടതിൽ കൂടുതൽ നിരാശ സിപിഎമ്മിനാണെന്നും കെ.സി.വേണുഗോപാൽ തുറന്നടിച്ചു.

‘‘ഇത്തരം വിഷയങ്ങളിൽ സിപിഐക്ക് എന്താണു മൗനം? പാലക്കാട്ടു സിപിഎം വലിയ തിരിച്ചടി നേരിടും. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്.

സിപിഎം മൂന്നാം സ്ഥാനത്താകും. യുഡിഎഫിന് ഒരു തിരിച്ചടിയും ഉണ്ടാകില്ല. വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. സീപ്ലെയ്ൻ പദ്ധതിയോട് എതിർപ്പില്ല. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിച്ചു പദ്ധതി കൊണ്ടുവരണം.’’ –കെ.സി.വേണുഗോപാൽ‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *