മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ സസ്‌പെന്‍സ് തുടരുന്നു

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ മഹാവിജയത്തിന് പിന്നാലെ മഹായുതി സഖ്യം സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് കടക്കുന്നു. ബി.ജെ.പി. നയിക്കുന്ന മഹായുതി സഖ്യത്തില്‍നിന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതേസമയം, മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. മിന്നുംജയം നേടിയ പശ്ചാത്തലത്തില്‍ ബി.ജെ.പി.യില്‍നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് തന്നെ മുഖ്യമന്ത്രി പദത്തിലെത്താനാണ് കൂടുതല്‍ സാധ്യത.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടക്കുമെന്ന് ശിവസേന ഷിന്ദേ വിഭാഗം നേതാവ് ദീപക് കെസാര്‍ക്കര്‍ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മന്ത്രിസഭയിലെ ബാക്കി അംഗങ്ങള്‍ ആരെല്ലാമാകുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുന്നണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

മുഖ്യമന്ത്രിയെ മുന്നണി തിരഞ്ഞെടുക്കുമെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നവിസും ഏക്‌നാഥ് ഷിന്ദേയും കഴിഞ്ഞദിവസം പ്രതികരിച്ചത്. മുഖ്യമന്ത്രി ആരാകുമെന്നതില്‍ മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങളില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് പാര്‍ട്ടികളും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കുമെന്നും ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ 235 സീറ്റുകളും നേടിയാണ് ബി.ജെ.പി. നയിക്കുന്ന മഹായുതി മുന്നണി മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. 132 സീറ്റുകള്‍ നേടിയ ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേന ഷിന്ദേ പക്ഷം 57 സീറ്റുകളും എന്‍.സി.പി. അജിത് പവാര്‍ പക്ഷം 41 സീറ്റുകളും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *