അമേരിക്കയുടെയടക്കം വെടിനിർത്തൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഇസ്രയേൽ; സന്തോഷം പങ്കുവച്ച് ബൈഡൻ

ലോകത്തിന് ആശ്വാസമായി ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്‍റേയും വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുന്നത്.

ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വെടിനിർത്തൽ നിർദ്ദേശം നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തു. ലെബനൻ – ഇസ്രയേൽ വെടിനി‌ർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.

ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേ‍ർത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ ഇസ്രയേൽ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *