എംഡിഎംഎ കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

രാസലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍  സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ലഹരി കേസില്‍ തന്‍റെ ഡ്രൈവര്‍ പൊലീസിന്‍റെ പിടിയിലായതിനു പിന്നാലെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

നിലവില്‍ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ മാസം പതിനഞ്ചിന് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്ന് രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഈ കേസില്‍ തൊപ്പിയുടെ ഡ്രൈവര്‍ ജാബിറും അറസ്റ്റിലായി. 

ഇതോടെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. നിലവില്‍ തൊപ്പിയെ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ല. ഇക്കാര്യം പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല്‍ പൊലീസ് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നെന്നുമാണ് ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം. രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ‘തൊപ്പി’യും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. 

നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. നവംബർ 28ന് ആണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് ന്യൂ ജനറേഷൻ രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിനുപിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *