ഡൽഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ദമ്പതികളെയും മകളേയും കൊലപ്പെടുത്തിയത് 20 കാരനായ മകനാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. സൗത്ത് ഡൽഹി നിവാസികളായ രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. പ്രതിയായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ഡൽഹിയിലെ നെബ് സരായിയിലെ വീട്ടിലായിരുന്നു മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റേയും വിവാഹവാര്‍ഷികദിനത്തിലായിരുന്നു സംഭവം. സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് അര്ജുന് പൊലീസിനോട് പറഞ്ഞിരുന്നത്. പ്രഭാതസവാരിക്ക് പോയതായിരുന്നുവെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമായിരുന്നു മൊഴി.
മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകൾ അറിയിച്ച ശേഷം രാവിലെ അഞ്ച് മണിയോടെയാണ് താൻ നടക്കാനിറങ്ങിയതെന്നും വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോയതെന്നുമായിരുന്നു അർജുന്റെ മൊഴി. എന്നാൽ, പൊലീസ് അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തുകയും അര്‍ജുനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
പിതാവില്‍നിന്ന് അവഹേളനം നേരിട്ടതും മാതാപിതാക്കളുടെ സ്വത്ത് സഹോദരിക്ക് നല്‍കാനുള്ള നീക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പഠനകാര്യങ്ങളെച്ചൊല്ലി പിതാവ് വഴക്കുപറയുന്നത് പതിവായിരുന്നു. അടുത്തിടെ അയല്‍ക്കാരുടെ മുന്നില്‍വെച്ച് പിതാവ് വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇതും ഏറെ അപമാനകരമായി.