ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും സഹകരണങ്ങൾ വിപുലപ്പെടുത്തിയും മൂന്ന് ദിവസത്തെ ഔദ്യോഗിക ബെൽജിയം സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി സഹകരണം വർധിപ്പിക്കുന്നതിനും യാത്ര നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.
ഇതുപ്രകാരം നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോർട്ടുകൾ ഉള്ളവർക്ക് പ്രത്യേക കാലയളവിലേക്ക് വിസയില്ലാതെ പ്രവേശനം സാധ്യമാകും. ഹൈഡ്രജൻ മേഖലയിൽ സഹകരണം സ്ഥാപിക്കാൻ ധാരണപത്രത്തിലും ഒപ്പുവെച്ചു. വ്യവസായിക സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപകർത്താക്കൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണപത്രത്തിൽ ബെൽജിയൻ ഹൈഡ്രജൻ കൗൺസിലും ഹൈഡ്രോം ഒമാനുമാണ് ഒപ്പുവെച്ചത്.
കഴിഞ്ഞ വർഷം മേയിൽ ഇറാനിൽ നിന്ന് തങ്ങളുടെ പൗരനെ മോചിപ്പിക്കാൻ സഹായിച്ചതിന് സുൽത്താനും ഒമാൻ ഗവൺമെന്റിനും ബെൽജിയം രാജാവ് ഫിലിപ്പ് ലിയോപോൾഡ് ലൂയിസ് മേരി നന്ദി അറിയിച്ചു. രാജാവും ഭാര്യ രാജ്ഞി മാത്തിൽഡെ മേരി ക്രിസ്റ്റീൻ ഗിസ്ലെയ്നും ചേർന്ന് നടത്തിയ ഔദ്യോഗിക അത്താഴവിരുന്നിലാണ് നന്ദി അറിയിച്ചത്. സുൽത്താനും രാജാവും ആൻഡ്വെർപ് തുറമുഖവും സന്ദർശിച്ചു. സുൽത്താന്റെ തുറമുഖ സന്ദർശനം വ്യാപാര, സമുദ്ര സഹകരണ മേഖലകളിൽ ഒമാനും ബെൽജിയവും തമ്മിലുള്ള ശക്തമായ ബന്ധത്തെ അടിവരയിടുന്നതായി.
സമുദ്ര പ്രവർത്തനങ്ങൾ, ഊർജ പരിവർത്തനം, ഹരിത ഹൈഡ്രജൻ ഉൽപ്പാദനം എന്നിവയുൾപ്പെടെയുള്ള പ്രധാന സാമ്പത്തിക മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഒമാനും ബെൽജിയവും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ, ഒമാനും ബെൽജിയവും ആഗോളതലത്തിൽ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കി. പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യം അടിവരയിട്ട് പറയുകയും ചെയ്തു.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു വകുപ്പ് മന്ത്രി എൻജിനീയർ സലിം ബിൻ നാസിർ അൽ ഔഫി, ബെൽജിയത്തിലെ ഒമാൻ അംബാസഡർ റുവ ഇസ അൽ സദ്ജലി എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശന വേളയിൽ സുൽത്താനെ അനുഗമിച്ചിരുന്നു.