കളർകോട്ട് വാഹനാപകടം: ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു; മരണം ആറായി

കളർകോട്ട് വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറയിൽ അൽബിൻ ജോർജ് (20) ആണ് മരിച്ചത്. ഇതോടെ കളർകോട് അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി. 

ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന അൽബിനെ ഇന്നലെയാണ് ആലപ്പുഴ മെ‍ഡിക്കൽ കോളജിൽനിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച അൽബിന് അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല.

മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് അൽബിനെ മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ്‌ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും അഞ്ച് പേർ മരിച്ചതും.

അപകടത്തില്‍ വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു കാറുമായി വിദ്യാർഥികൾ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *