മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും മുട്ട മാത്രം മതി; വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില ഹെയർപാക്കുകൾ

പോഷകാഹാരങ്ങളിലെ ‘പവർഹൗസ്’ എന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നത്. ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങള്‍ക്കും എന്ന പോലെ മുടിയുടെ ആരോഗ്യത്തിനും ഈ ‘പവർഹൗസ്’ വളരെ സഹായകരമാണ്.

മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ ശരീരത്തിലെ വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായകമാണ്.

എന്നാൽ ശരീരത്തിനകത്തു മാത്രമല്ല, നേരിട്ട് പ്രവർത്തിച്ച് മുടിയെകരുത്തുറ്റതാക്കാനുള്ള കഴിവ് മുട്ടയ്ക്കുണ്ട്. പല കണ്ടീഷണറുകളിലും മുട്ട ചേർക്കുന്നുണ്ട്. മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില ഹെയർപാക്കുകൾ ഇതാ.

ഒലിവ് ഓയിലും മുട്ടയും

ഒരു പാത്രത്തിൽ 1 മുട്ടയും 3 സ്പൂൺ ഒലിവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ ഹെയർ മാസ്ക് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തിൽ തല കഴുകണം. മുടിക്ക് തിളക്കവും കരുത്തും ലഭിക്കാൻ ഉത്തമമാണ് ഇത്.

മുട്ട കണ്ടീഷനർ

ശരിയായ കണ്ടീഷനിങ് ചെയ്യാത്തതു മുടി പൊട്ടുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ്. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിച്ചശേഷം സ്പൂൺ ഉപയോഗിച്ചു നന്നായി അടിച്ച് പതപ്പിക്കുക. ഇതു തലയിൽ പുരട്ടി മൂന്നു മണിക്കൂറിനുശേഷം കഴുകി കളയുക. ആദ്യം തണുത്ത വെള്ളത്തിൽ കഴുകുക. മണം പോകാന്‍ ഷാംപു ഉപയോഗിച്ച് വീണ്ടും കഴുകുക. ആഴ്ചയില്‍ ഒരിക്കൽ ഇതു ചെയ്താൽ മുടി കൊഴിച്ചിൽ കുറയും.

തൈരും മുട്ടയുടെ മഞ്ഞയും

ഒരു കപ്പ് തൈര് എടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. മുപ്പതു മിനിറ്റ് അതു തലയിൽ തുടരാൻ അനുവധിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകണം. മുടിയിഴകളെ ഉറപ്പുള്ളതാക്കാനും അകാല നര തടയുന്നതിനും ഇതു സഹായിക്കും.

മുട്ടയുടെ മഞ്ഞയും അവോക്കാഡോയും

രണ്ടു മുട്ടയുടെ മഞ്ഞ, ഒരു അവോക്കാഡോ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടുക. 20 മിനിറ്റിനുശേഷം സാധാരണ വെള്ളത്തിൽ കഴുകുക. ഇത് കണ്ടീഷനറായി പ്രവർത്തിച്ച് മുടിക്ക് മിനുസമേകും.

മുട്ടയും തൈരും തേനും

1 മുട്ടയുടെ മഞ്ഞക്കുരു, 1 സ്പൂൺ തേൻ, 1 സ്പൂൺ തൈര്, 1/2 സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ ഒരു പാത്രത്തില്‍ എടുക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്തശേഷം തലയിൽ പുരട്ടുക. രണ്ടു മണിക്കൂറിനുശേഷം ചെറുചൂടു വെള്ളത്തിൽ കഴുകുക. ഷാംപു ഉപയോഗിക്കുന്നത് ഒഴിവാക്കാണം. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *