നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ അമ്മയുടെ പരാതിയിൽ ഹോസ്റ്റല്‍  വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട്  തേടി.15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. 

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥി ചൈതന്യയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ല.

വെന്‍റിലേറ്ററിന്റെ സഹായത്താലാണ് നിലവില്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്നലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി വിളിച്ച ചര്‍ച്ചയില്‍ സഹപാഠികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ ചൈതന്യയെ ആശുപത്രിയില്ലെത്തി സന്ദര്‍ശിക്കും. ആരോഗ്യസ്ഥിതി നേരിട്ട് ബോധ്യപ്പെടുന്നതിനാണിത്. 

അതേ സമയം മന്‍സൂര്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ ആശുപത്രി മാനേജ്മെന്‍റിനെതിരെ പെണ്‍കുട്ടിയുടെ ബന്ധു ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ ശ്രമത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹപാഠികളും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *