രാജകീയ വാഹനങ്ങളുടെ അപൂര്‍വ ശേഖരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാൻ വഴിയൊരുങ്ങുന്നു. റോയല്‍ കാര്‍സ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദിന്റെ കാര്‍മികത്വത്തില്‍ നടക്കും. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ശേഖരമായിരുന്ന മ്യൂസിയം സന്ദർശിക്കാൻ അവസരമൊരുങ്ങുന്നത്.
വിടപറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്, സുല്‍ത്താന്‍ സൈദ് ബിന്‍ തൈമൂര്‍, സയ്യിദ് താരിക് എന്നിവരുടെ സ്വകാര്യ വാഹനങ്ങളും ഇവിടെ കാണാൻ കഴിയും. വര്‍ഷങ്ങളോളം ഏറെ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു പോന്നവയാണ് ഇവ. ക്ലാസിക് കാറുകള്‍, അപൂര്‍വ സ്പോര്‍ട്സ് കാറുകള്‍ തുടങ്ങിയവയുടെ ശേഖരം തന്നെ ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെ രണ്ട് കാറുകളില്‍ നിന്നാണ് ശേഖരം ആരംഭിക്കുന്നത്. കാലക്രമേണ അപൂര്‍വവും ആധുനികവുമായ കാറുകള്‍ കൂടി എത്തിയതോടെ ഈ ശേഖരം വളര്‍ന്നു.
2012ലാണ് ഒരു പ്രത്യേക കെട്ടിടം രാജകീയ കാറുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചത്. ഇതുവരെ മ്യൂസിയത്തിലെ സന്ദര്‍ശനം രാജകീയ അതിഥികള്‍ക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, രാജകീയ ഉത്തരവ് പ്രകാരം റോയല്‍ കാര്‍സ് മ്യൂസിയത്തിന്റെ കവാടം പൊതുജനങ്ങള്‍ക്കായി കൂടി തുറന്നിടുകയാണിപ്പോള്‍. മ്യൂസിയത്തിന്റെ സന്ദര്‍ശന സമയം, നടപടികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വരും ദിവസങ്ങളിൽ അധികൃതർ പുറത്തുവിടും.