പാർലമെന്റ് വളപ്പിൽ വ്യത്യസ്ത പ്രതിഷേധവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് റോസാപ്പൂവും തൃവർണ പതാകയും നൽകിയായിരുന്നു രാഹുലിന്റെ വേറിട്ട പ്രതിഷേധം. മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.
കൈക്കൂലി ആരോപണം നേരിടുന്ന അദാനിക്കെതിരെയുള്ള ചർച്ചകൾ കേന്ദ്രസർക്കാർ ഒഴിവാക്കുന്നു എന്നാരോപിച്ച് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാജ്നാഥ് സിംഗ് കാറിൽ വന്നിറങ്ങിയത്. വേഗത്തിൽ നടന്ന അദ്ദേഹത്തിനരികിലേക്ക് രാഹുലും മറ്റുനേതാക്കളും നടന്നെത്തുകയും റോസാപ്പൂവും തൃവർണ പതാകയും നൽകുകയുമായിരുന്നു. രണ്ടും സ്നേഹപൂർവം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പ്രതിഷേധത്തിന് വേറിട്ട വഴി സ്വീകരിച്ചതിന് പിന്നിലെന്തെന്ന് വ്യക്തമല്ല. അതെന്തായാലും പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയ ചർച്ച നടക്കുന്നതിനിടെ രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. മോദിയെ ശക്തമായ ഭാഷയിൽ കടന്നാക്രമിച്ചതിനുശേഷമായിരുന്നു കെട്ടിപ്പിടിത്തം. വാഗ്ദാനങ്ങൾ നൽകി പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, പറയുന്ന വാക്കുകൾക്ക് അർത്ഥമുണ്ടാകണമെന്നും വിമർശിച്ച രാഹുൽ നിങ്ങൾക്ക് ഞാൻ പപ്പു ആയിരിക്കും. പക്ഷേ എന്റെ ഉള്ളിൽ ഇന്ത്യയാണെന്നും നിങ്ങളോട് ഒരു വെറുപ്പും ഇല്ലെന്നുപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചശേഷം അപ്രതീക്ഷിതമായി മോദിയുടെ അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു.
അദാനിക്കെതിരെ അന്വേഷണം വേണെമന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ദിവസങ്ങളായി പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുകയാണ്. സമ്മേളനം ആരംഭിച്ച നവംബർ 20 മുതൽ പ്രതിഷേധം കാരണം സഭാ നടപടികളിൽ നിരന്തരം തടസങ്ങൾ നേരിടുന്നുണ്ട്. ഇന്നലെയും രാജ്യസഭയും ലോക്സഭയും അദാനി വിഷയത്തിൽ പ്രക്ഷുബ്ദമായി. രണ്ടു തവണ നിറുത്തിവച്ച ലോക്സഭയിൽ കാര്യമായ ചർച്ചകളൊന്നും നടന്നില്ല. രാജ്യസഭയിലും ഭരണ-പ്രതിപക്ഷ വാക്പോരുണ്ടായി. അദ്ധ്യക്ഷൻ സഭാ നേതാവിനെയും പ്രതിപക്ഷ നേതാവിനെയും വിളിച്ച് തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളത്തിൽ രാജ്യസഭയും മൂന്നു തവണ നിർത്തിവച്ചിരുന്നു.
മോദി-അദാനി ബന്ധം ആരോപിച്ച് കോൺഗ്രസ് ഇന്നലെയും പാർലമെന്റിൽ പ്രതിഷേധിച്ചു. എം.പിമാർ പ്രധാനമന്ത്രി മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ചിരുന്നു. മുഖംമൂടി ധരിച്ച എംപിമാരോടുള്ള രാഹുൽ ഗാന്ധിയുടെ ഹാസ്യ സംഭാഷണം വൈറലായി. പ്രധാനമന്ത്രി ഈയിടെയായി മൗനിയാണല്ലോ എന്ന രാഹുലിന്റെ ചോദ്യത്തിന് ,ടെൻഷനിലാണെന്ന് എംപി മറുപടി നൽകുമ്പോൾ എല്ലാവരും ചിരിക്കുന്നത് കാണാം.