യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി.
ഈ മാസം 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. അമൽ, മിഥുൻ, അലൻ, വിധു എന്നിവരാണ് കേസിലെ നാല് പ്രതികള്‍. തിരുവനന്തപുരം ആറാം അഡീ സെഷൻസ് കോടതിയാണ് പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ പൂവച്ചൽ സ്വദേശിയായ മുഹമ്മദ് അനസിനെ ഇടിമുറിയായി പ്രവർത്തിക്കുന്നു എന്ന് പരാതി ഉയർന്ന കോളേജ് യൂണിയൻ റൂമിൽ തടഞ്ഞുവെച്ച് എസ്എഫ്ഐക്കാർ മർദ്ദിച്ചെന്നാണ് പരാതി. വൈകല്യമുള്ള കാലിൽ ഉൾപ്പടെ ചവിട്ടിയെന്നും തലയിൽ കമ്പ് കൊണ്ട് അടിച്ചെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തല്ലാനായി വിദ്യാർത്ഥിയെ വെല്ലുവിളിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്.
അനസിന്റെ പരാതിയിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പക്ഷേ കേസിലെ നാല് പ്രതികളെയും ഇതേവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.