ചാംമ്പ്യൻസ് ട്രോഫി അടിമുടി മാറിയേക്കും ; ഈ മാസം അവസാനം ഐസിസി യോഗം ചേരും

ചാമ്പ്യൻസ് ട്രോഫി വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ പുതിയ വഴിത്തിരിവ്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗമായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക എന്നാണ് കരുതുന്നത്. ഇതിനിടെ  ടൂര്‍ണമെന്‍റ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാറ്റി ടി20 ഫോര്‍മാറ്റില്‍ നടത്താന്‍ ആലോചിക്കുന്നതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

വേദി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണെങ്കില്‍  സ്പോൺസര്‍മാര്‍ എളുപ്പം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന ടി20 ഫോര്‍മാറ്റിനായി ഐസിസിയെ നിര്‍ബന്ധിക്കുമെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, പാകിസ്ഥാനില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയാല്‍ നിയമനടപടികള്‍ക്ക് പുറമെ വന്‍ വരുമാന നഷ്ടവും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടിവരുമെന്നും സൂചനയുണ്ട്. ഇതിന് പുറമെ വീണ്ടും രാജ്യാന്തര ക്രിക്കറ്റില്‍ ഒറ്റപ്പെടാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഐസിസി മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കാന്‍ പാക് നിര്‍ബന്ധിതരാവുമെന്നാണ് കരുതുന്നത്.

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താമെന്നാണ് ഈ മാസം ആദ്യം ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ 2027 വരെയുള്ള കാലയളവിലെ ഐസിസി ടൂര്‍ണമെന്‍റുകളിലെ എല്ലാ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളും ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന പാക് ബോര്‍ഡിന്‍റെ ആവശ്യവും ഐസിസി തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇതോടെ 2026ല്‍ ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാവും. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. മാര്‍ച്ച് ഒന്നിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *