നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കിയത് പിൻഗേറ്റിലൂടെ

പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിൽ നടൻ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്.

ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനിൽക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിന്‍റെ പിന്‍ ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി. സന്ധ്യ തീയറ്റർ മാനേജ്‌മെന്‍റ് ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു.അതേസമയം, ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകി എന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

ജയിൽ മോചനത്തിന് മുമ്പായി അല്ലു അർജുന്‍റെ അച്ഛൻ അല്ലു അരവിന്ദ് ചഞ്ചൽഗുഡ സ്റ്റേഷനിൽ എത്തിയിരുന്നു. ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഢിയും എത്തിയിരുന്നു. ഇന്നലെ രാത്രി കോടതിയിൽ നിന്ന് ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്താൻ വൈകിയെന്നും രാത്രി വൈകി ജയിൽമോചനത്തിന്റെ നടപടിക്രമങ്ങൾ സാധ്യമല്ല എന്ന് ജയിൽ സൂപ്രണ്ട് വ്യക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അല്ലു അര്‍ജുൻ ജയിലിൽ തുടരേണ്ടി വന്നത്. ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് 1 ബാരക്കിലാണ് അല്ലു അര്‍ജുൻ രാത്രി കഴിഞ്ഞത്.

അതേസമയം, അറസ്റ്റിൽ അല്ലു അര്‍ജുനെ പിന്തുണച്ചും തെലങ്കാന സര്‍ക്കാരിനെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പുഷ്പ-2 റിലീസിനിടെ ഉണ്ടായ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു. മരണത്തിന്‍റെ ഉത്തരവാദിത്വം താരത്തിന്‍റെ തലയിൽ കെട്ടിവെയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സന്ധ്യ തീയറ്റർ മാനേജ്‌മെന്റ് വാദം ശക്തമായി നിഷേധിച്ച് പൊലീസ് രംഗത്തെത്തി. നേരത്തെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് തീയറ്റർ മാനേജ്‌മെന്റ് കോടതിയിൽ വാദിച്ചിരുന്നു. തെളിവായി സമൂഹമാധ്യമങ്ങളിലൂടെ കത്തും പുറത്ത് വിട്ടു. രണ്ടാം തീയതി തന്നെ അപേക്ഷ നൽകി എന്നാണ് തീയറ്റർ മാനേജ്‌മെന്‍റ് വാദം.

Leave a Reply

Your email address will not be published. Required fields are marked *