റാക് മാരിടൈം സിറ്റി ഫ്രീസോണിൽ നിർമിക്കുന്ന പുതിയ തുറമുഖം 2027ല്‍ പ്രവര്‍ത്തന സജ്ജമാകും. സഖർ 2.0 എന്ന പേരിൽ നിർമിക്കുന്ന തുറമുഖത്തിൽ കപ്പലുകൾ പുനഃചംക്രമണം നടത്താൻ കഴിയുന്ന യൂനിറ്റ് ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്.
റാക് ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഹംറ കണ്വെന്ഷന് സെന്ററില്‍ നടന്ന നിക്ഷേപ, സംരംഭക ഉച്ചകോടിയില്‍ റാക് പോര്‍ട്ട് സി.ഇ.ഒ റോയ് കുമ്മിന്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഡംബര നൗകകളുടെ അറ്റകുറ്റപ്പണികള്‍, ചരക്കുനീക്കത്തിനുള്ള മികച്ച സൗകര്യങ്ങൾ, വിപുലമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങിയവ സഖര്‍ 2.0 തുറമുഖ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദപരമായിരിക്കും തുറമുഖത്തിലെ മുഴുവൻ സംവിധാനങ്ങളും. ആഗോള പാരിസ്ഥിതിക മുന്‍ഗണനകൾക്കനുസരിച്ച് സുസ്ഥിരമായ കപ്പല്‍ പുനരുപയോഗത്തിന് വഴിയൊരുക്കിയാകും തുറമുഖത്തിന്റെ പ്രവര്‍ത്തനം.
കാര്യക്ഷമത, സുസ്ഥിരത, ആഗോള കണക്ടിവിറ്റി എന്നിവക്കായി നവീന ആശയങ്ങളിലൂന്നിയാകും തുറമുഖത്തിന്റെ പ്രവര്‍ത്തനം. റാസല്‍ഖൈമയില്‍ നിലവിലുള്ള തുറമുഖങ്ങളായ അല്‍ജീര്‍, സഖര്‍, മാരിടൈം, റാക്, ജസീറ തുടങ്ങിയവയുടെ വൈവിധ്യവത്കരണത്തിനുള്ള പ്ലാറ്റ്ഫോമായി സഖര്‍ 2.0 മാറും.
പുതിയ ഊര്‍ജ സ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനും ഇന്ധന ലഭ്യതക്കും റാക് ഗ്യാസ് ഉൾപ്പെടെയുള്ള പങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തും. 80 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ സമുദ്രത്തിന് അഭിമുഖമായി വ്യാപിച്ചുകിടക്കുന്ന ഭൂമിയാണ് റാക് മാരിടൈം സിറ്റി ഫ്രീസോൺ.
ചരക്കു നീക്കത്തിനായി കടൽ മാർഗം ആശ്രയിക്കുന്ന വ്യവസായികൾക്ക് ഏറെ സഹായകമാവും പുതിയ തുറമുഖമെന്ന് റോയ് കുമ്മിൻസ് പറഞ്ഞു. 18 മീറ്ററോളം ആഴമുള്ള ബെര്‍ത്തുകളാണ് തുറമഖത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വലിയ കപ്പലുകളെ ആകർഷിക്കാൻ സഹായിക്കും.
വെയര്‍ഹൗസ്, ലോജിസ്റ്റിക്സ്, മൂല്യവര്‍ധിത സേവനങ്ങള്‍ തുടങ്ങിയവയെ പിന്തുണക്കുന്ന രീതിയില്‍ മികച്ച രൂപകല്പനയിലാണ് തുറമുഖത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുകയെന്നും റോയ് കുമ്മിന്‍സ് പറഞ്ഞു.