പത്തനംതിട്ടയിൽ നവദമ്പതികളടക്കം നാല് പേർ മരിച്ച സംഭവം; കാറോടിച്ചത് അലക്ഷ്യമായി: എഫ്ഐആർ പുറത്ത്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിന്റെ എഫ്ഐആർ പുറത്ത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. കോന്നി കൂടൽ മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

മല്ലശ്ശേരി സ്വദേശികളും നവദമ്പതികളുമായ അനു, നിഖിൽ എന്നിവരും ഇവരുടെ അച്ഛൻമാരായ മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരുമാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിനുശേഷമായിരിക്കും സംസ്കാരം.

കഴിഞ്ഞ മാസം 30നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു ഇരുവരും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും മത്തായി ഈപ്പനും. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. അനു ഒഴികെ ബാക്കിയുള്ളവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അനുവിനെ നാട്ടുകാർ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആന്ധ്രയിൽ നിന്നുളള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ മാരുതി സ്വിഫ്​റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുളളവരെ പുറത്തെടുത്തത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മേഖലയിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *