ഇരുട്ടിൽ ആന നിൽക്കുന്നത് കണ്ടില്ല; യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കുടമ്പുഴ ക്‌ണാച്ചേരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡ‍രികിൽ കണ്ടെത്തുകയായിരുന്നു. ക്‌ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ജോലിക്ക് പോയ എൽദോസ് ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വഴിവിളക്കുകളില്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ നാട്ടിൽ ബസിറങ്ങിയ ശേഷം നടന്നുപോവുകയായിരുന്നു. എൽദോസിനൊപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇതിന് ശേഷം ഇതുവഴി വന്നവരാണ് റോഡരികിൽ കാട്ടാനയുടെ ആക്രമണത്തിൽ ചിതറിപ്പോയ മൃതദേഹം കണ്ടെത്തിയത്.

ഒരു വർഷം മുൻപ് ഇവിടെ സമാനമായി ഒരു മരണം നടന്നിരുന്നു. അന്നും കാട്ടാനയുടെ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുട‍ർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വാഗ്ദാനങ്ങൾ നൽകിയ ശേഷം അന്ന് മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. എന്നാൽ ഇതിന് ശേഷവും സ്ഥലത്ത് ഒരു മാറ്റവും ഉണ്ടാകാത്തതാണ് വീണ്ടുമൊരു മരണം കൂടി ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *