‘വഴങ്ങിക്കൊടുക്കാൻ തയ്യാറായില്ല’; അവസരം നഷ്ടമായിയെന്ന വെളിപ്പെടുത്തലുമായി കണ്ണൂർ ശ്രീലത

ഒരുകാലത്ത് സിനിമകളിൽ സജീവമായിരുന്ന നടിയാണ് കണ്ണൂർ ശ്രീലത. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയും കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അവർ.

‘കൂട്ട ബലാത്സംഗമാണോ ചെയ്തത്, അല്ലല്ലോ. സ്വന്തം ഇഷ്ട‌‌‌‌പ്രകാരമല്ലേ പോയത്. പിന്നെ എന്തിനാണ് പറയുന്നത്. അതും വർഷങ്ങൾ കഴിഞ്ഞിട്ട്. അവരുടെ മക്കളെക്കൂടി ചിന്തിക്കുന്നില്ല. മക്കൾ വലിയ നിലയിൽ അയിക്കൊണ്ടിരിക്കുമ്പോൾ, സ്വന്തം അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ ഇങ്ങനെ പരാതി വരുമ്പോൾ, ആ കുട്ടിയുടെ ഭാവി എന്തായിരിക്കുമെന്ന് ഈ പറയുന്നവർ ചിന്തിക്കുന്നുണ്ടോ? അവർക്കുമില്ലേ ഇതുപോലൊരു കുടുംബമൊക്കെ. വെറുതെ ഒരു പ്രശ്നമുണ്ടാക്കിയെന്നേ എനിക്ക് പറയാനുള്ളൂ. ആരും ബലമായി നിങ്ങളെ ഉപദ്രവിച്ചിട്ടില്ലല്ലോ, നിങ്ങൾ ഇഷ്ടപ്രകാരം പോയി അടിമപ്പെട്ടു. അതിനിപ്പോൾ നമുക്കെന്ത് ചെയ്യാൻ കഴിയും.

നമ്മളോടൊക്കെ ഒന്നു വരാമോ എന്ന് ചോദിച്ചാൽ വരാൻ പറ്റില്ലെന്ന് പറയും. പണ്ടും ഇത്തരം കാര്യങ്ങൾ ഉണ്ട്. ഇല്ലാണ്ടൊന്നുമല്ല. അങ്ങനെയാണ് എനിക്ക് ആ വേഷം പോയത്. ദേവൻ സാറിന്റെ ഭാര്യയായി ചെയ്യാൻ വിളിച്ചിരിക്കുന്ന വേഷം അങ്ങനെയാണ് പോയത്. ഒന്നു കാണണം എന്ന് പറഞ്ഞു, ഞാൻ വരാൻ പറ്റില്ലെന്നും പറഞ്ഞു.

ഒരാളുടെ ചോദ്യത്തിലും നോട്ടത്തിലും ആ ഭാഷ്യമെന്താണെന്ന് നമുക്ക് മനസിലാക്കാൻ പറ്റില്ലേ. എനിക്ക് ഈ വേഷം വേണ്ടെന്ന് പറഞ്ഞ് ഞാൻ ഇറങ്ങിവന്നിട്ടുണ്ട്. നാടകത്തിന്റെ ചമയങ്ങളിട്ട് വന്നയാളാണ് ഞാൻ. എനിക്ക് നാടകം മതി. കാറ് വേണ്ടേ, ബംഗ്ലാവ് വേണ്ടേ എന്നൊക്കെയാണ് ചോദ്യം. ഞാൻ വേണ്ട, കഞ്ഞികുടിച്ച് ജീവിച്ചാലും മതിയെന്ന് പറഞ്ഞു. ഇന്നത്തെ കുട്ടികളുടെ നിലപാടൊന്നും അന്നില്ല. നേരെ വാ നേരെ പോ. ഇതിനൊക്കെ വഴങ്ങിയിരുന്നെങ്കിൽ ഞാൻ ഇന്ന് സൂപ്പറായേനെ. പക്ഷേ എനിക്കതിന് പറ്റില്ല.’- നടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *