പ്രായം ഒക്കെ വെറും നമ്പർ അല്ലേ എന്ന് ചോദിക്കുകയാണ് ദാ ഈ 80കാരി മുത്തശ്ശി. ഫാഷൻ ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുളള മാര്‍ഗരറ്റ് ചോളയാണ് സ്വപ്നം കാണാനും അത് നേടിയെടുത്താനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകളും സ്റ്റൈലും തന്‍റേതായ രീതിയില്‍ അവതരിപ്പിച്ചാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തെ ഐക്കണായി മാറുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സൈബറിടത്ത് തരംഗം തീർത്ത മാര്‍ഗരറ്റ് 2 ലക്ഷത്തിന് മേലെ ഫോളേവേഴ്സുളള ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്. സാംബിയയിലെ ഗ്രാമപ്രദേശത്ത് നിന്നാണ് ഫാഷന്‍ ലോകത്തേയ്ക്ക് മാര്‍ഗരറ്റ് എത്തുന്നത്.
ന്യൂയോര്‍ക്കില്‍ ഫാഷന്‍ സ്റ്റൈലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചുമകള്‍ ഡയാന കൗംബയാണ് മാര്‍ഗരറ്റ് മുത്തശ്ശിയെ ഒരു ഫാഷന്‍ ഇന്‍ഫ്ലുവന്‍സറായി ലോകത്തിന് പരിചയപ്പെടുത്തിയത്. വസ്ത്രത്തിന്‍റെ നിറങ്ങള്‍, പാറ്റേണ്‍, ഫ്യൂഷന്‍ സ്റ്റൈലിങ് എന്നിവകൊണ്ട് ഫാഷന്‍ ലോകത്ത് തരംഗം തീര്‍ത്ത ഡയാനയുടെ എല്ലാ ചിത്രത്തിലും മോഡലായെത്തിയത് മാര്‍ഗരറ്റ് മുത്തശ്ശിയാണ്. ഗ്രാനി സീരിസ് എന്ന പേരില്‍ ഡയാന പുറത്തിറക്കിയ മാര്‍ഗരറ്റ് മുത്തശ്ശിയുടെ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.