കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

പുല്ലാട് മുട്ടുമണ്ണിൽ ഇന്നലെ രാത്രി കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ നിജിലാൽ അറസ്റ്റിൽ. അപകടത്തിൽ മരിച്ച വെട്ടുമണ്ണിൽ വി.ജി. രാജനെ (56) കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാജന്റെ ഭാര്യ റീന രാജൻ (53) ആശുപത്രിയിൽ മരിച്ചു. ഇവരുടെ മകളും മൂന്നര വയസ്സുകാരിയായ കൊച്ചുമകളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. 

പുല്ലാട് കനാൽ പാലത്തിനു സമീപം രാത്രി 9.20നാണ് അപകടമുണ്ടായത്. തിരുവല്ലയിൽനിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബസ് വശം തെറ്റിച്ച് കനാൽ പാലത്തിന്റെ വലതുവശത്തുള്ള കൈവരിയിൽ തട്ടുകയും ഇവിടെനിന്ന് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

റാന്നി പഴവങ്ങാടി സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മരിച്ച വെട്ടുമണ്ണിൽ വി.ജി.രാജനെ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേനയും കോയിപ്രം എസ്ഐ എസ് ഷൈജുവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *