തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം; 3 വർഷത്തേക്ക് കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വമിഷൻ

തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ മൂന്ന് വർഷത്തേക്ക് കരിമ്പട്ടികയിൽപെടുത്തി. കരാർ ഏറ്റെടുത്ത സൺ ഏജ് കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയതായി ശുചിത്വ മിഷൻ അറിയിച്ചു. തിരുവനന്തപുരത്തെ ആശുപത്രികളിൽ നിന്ന് ശേഖരിച്ച മാലിന്യം കമ്പനി തിരുനെൽവേലിയിൽ

തള്ളിയതായി കണ്ടെത്തിയിരുന്നു. മാലിന്യ നിർമാജനത്തിനുള്ള നോഡൽ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം അന്തർ സംസ്ഥാന തർക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിനും തമിഴ്‌നാടിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയവർക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോ‍ർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട ട്രൈബ്യൂണൽ, മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയെന്ന് തമിഴ്‌നാടിനോടും ചോദിച്ചു.

തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെഡിക്കൽ മാലിന്യക്കൂമ്പാരമായിരുന്നു. തമിഴ്നാട്ടിൽ വൻ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്. ഇതിനോടകം ഇവിടെ നിന്ന് മാലിന്യം നീക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *