ഉത്തരേന്ത്യയിൽ അതിശൈത്യം ; ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് ഡൽഹിയെയും പരിസര പ്രദേശങ്ങളെയുമാണ് കാലാവസ്ഥായിലുണ്ടാകുന്ന വ്യതിയാനം ബാധിക്കുന്നത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഓറഞ്ച് അലർട്ടും വാരാന്ത്യത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ദില്ലിയിലുൾപ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ഗതാഗത തടസത്തിനും വെള്ളക്കെട്ടിനും കാരണമായി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിൽ ശീതക്കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, വിദർഭ, മധ്യമഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആലിപ്പഴം വീഴാനും ഇടിമിന്നൽ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിൻ്റെ ചില ഭാഗങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്. ഡിസംബർ 27, 28 തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം, രാജസ്ഥാനിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത് തുടരുകയാണ്. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ചുരുവിൽ 5.4 ഡിഗ്രി സെൽഷ്യസാണ്. 

Leave a Reply

Your email address will not be published. Required fields are marked *