വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച സംഭവം; തൃശ്ശൂർ പൂരം ഒതുക്കാനുള്ള ടെസ്റ്റ് ഡോസ്: തിരുവമ്പാടി ദേവസ്വം സെക്രട്ടറി

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന ആരോപണവുമായി തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ. തൃശ്ശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് തന്നെയാണ് വേല വെടിക്കെട്ടും നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് വേല വെടിക്കെട്ടിന് തൃശ്ശൂർ ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്. കേന്ദ്ര സർക്കാരിൻ്റെ പുതിയ സ്ഫോടകവസ്തു നിയമ പ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലമാണ് വേണ്ടത്. എന്നാൽ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഈ ദൂരം 78 മീറ്റർ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.

എന്നാൽ കുറേയധികം നിബന്ധനകൾ പറഞ്ഞാണ് കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതെന്ന് ഗിരീഷ് കുമാർ കുറ്റപ്പെടുത്തുന്നു. വെടിക്കെട്ട് നടക്കുന്നതിന് തൊട്ടടുത്ത് സ്കൂളും ആശുപത്രികളും കോളേജും പെട്രോൾ പമ്പും ഉണ്ടെന്നതാണ് ഇതിലെ ഒരു കാരണം. എത്രയോ കാലങ്ങളായി ഇവയെല്ലാം സ്വരാജ് റൗണ്ടിൽ ഉണ്ടായിരുന്നു. അപ്പോഴെല്ലാം അവിടെ വെടിക്കെട്ട് നടന്നിട്ടുണ്ട്. എങ്ങനെയെങ്കിലും വെടിക്കെട്ട് ഇല്ലാതാക്കാനാണ് ശ്രമം.

തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മന്ത്രിമാർ ഉള്ളത്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉണ്ട്. ഇവർ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണം. വെടിക്കെട്ട് മുടക്കുന്നത് ശിവകാശിലോബിയാണ്. തൃശ്ശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസ് ആണ് ഇത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ച കാര്യം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഗിരീഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *