പെരിയ ഇരട്ടക്കൊലപാതക കേസ്; സർക്കാർ ചെലവിട്ടത് ഒരു കോടിയിലധികം രൂപ

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട വിധിക്ക് എതിരെ നിയമ പോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ ചെലവിട്ടത് ഒരു കോടിയിലധികം രൂപ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ചാണു സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം സുപ്രീം കോടതി വരെ നീണ്ടു.

വിവിധ ഘട്ടങ്ങളിൽ സർക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളിൽ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാൻഡിങ് കൗൺസലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീം കോടതിയിൽ ഹാജരായി. ഈ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത‌്‌ ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് 2019 സെപ്റ്റംബറിൽ അന്വേഷണം സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. അപ്പീൽ തള്ളിയതോടെ സിബിഐ അന്വേഷണത്തെ എതിർത്തു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ തടസഹർജിയും നൽ‌കി. സംസ്ഥാന സർക്കാരിന്റെ അപ്പീൽ 2019 ഡിസംബർ ഒന്നിന് സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബർ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.

Leave a Reply

Your email address will not be published. Required fields are marked *