‘ഒരുപാട് അനുഭവിച്ചു, മരിച്ചാൽ മതി; വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണം’: കോടതിയില്‍ കരഞ്ഞപേക്ഷിച്ച് പെരിയ കേസിലെ പ്രതി

കൊലപാതകത്തിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാൽ മതിയെന്നും കേസിലെ 15–ാം പ്രതി എ.സുരേന്ദ്രൻ എന്ന വിഷ്ണു സുര. ഇനി ജീവിക്കാൻ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണമെന്നായിരുന്നു കരഞ്ഞു കൊണ്ടുള്ള പ്രതിയുടെ അപേക്ഷ.

ഗൂഢാലോചന, കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ.ശേഷാദ്രിനാഥന്റെ മുന്നിലായിരുന്നു പ്രതിയുടെ അപേക്ഷ. കേസിൽ ജനുവരി 3ന് ശിക്ഷ വിധിക്കും.

കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിനാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയത് എന്നാണ് ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ പറഞ്ഞത്. കേസിൽ 20–ാം പ്രതിയാണ് കുഞ്ഞിരാമൻ.

രണ്ടാം പ്രതി സജിയെ പൊലീസ് സ്റ്റേഷനില്‍ നിന്നു ബലമായി ഇറക്കിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു കുഞ്ഞിരാമനെതിരെയുള്ള കുറ്റം. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ‍ കുഞ്ഞിരാമൻ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കുഞ്ഞിരാമനേയും പ്രതി ചേർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *