സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുന്നു; വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

എസ്.എഫ്.ഐയുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്നും ഇപ്പോൾ സ്വയം ഒഴിവായതെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.

കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെതുടർന്നാണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ വിമർശിച്ച് മുൻ ഇടത് സഹയാത്രികനായിരുന്ന ചെറിയാൽ ഫിലിപ്പ് രംഗത്ത് വന്നത്.

1984 – ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോൺഗ്രസ് തരംഗത്തിൽ കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 19-ഉം യുഡിഎഫ് നേടിയപ്പോൾ കോട്ടയത്ത് എസ്എഫ്ഐ പ്രസിഡണ്ടായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താര പൊലിമ കൊണ്ടാണ്.

യുഡിഎഫ് കോട്ടയായ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടു മാത്രമാണെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.

2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും, സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു.

താൻ സിപിഎം ജില്ലാ കമ്മറ്റിയിൽ അംഗമായപ്പോൾ പാർട്ടിയിൽ അംഗമല്ലാതിരുന്ന പലരും ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോൾ ഒരു സംസ്ഥാന കമ്മറ്റി അംഗത്വം പോലും സുരേഷ് കുറുപ്പിന് നൽകിയില്ലെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *